മംഗോളിയക്കാരുടെ സംഗീത പൈതൃകം –  സൂർ

പ്രകൃതി ശബ്ദങ്ങളെ അനുകരിച്ച് പ്രകൃതിയെയും അതിന്റെ രക്ഷാകർതൃത്വങ്ങളെയും ആരാധിക്കുന്ന ഒരു പുരാതന സമ്പ്രദായത്തിലാണ് ഇതിന്റെ ഉത്ഭവം

Tsuur

Image source:Wikimedia(Bilguun52)

മംഗോളിയക്കാരുടെ പുരാതന പരമ്പരാഗത സംഗീത ഉപകരണങ്ങളിലൊന്നാണ് സൂർ.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള സർഗ്ഗാത്മകതയുടെയും ചാതുര്യത്തിന്റെയും പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന സൂർ മംഗോളിയൻ സംഗീത പൈതൃകത്തിന്റെ ഒരു മാസ്റ്റർപീസാണ്.

മൂന്ന് വിരൽദ്വാരങ്ങളോട് കൂടി, പുല്ലാങ്കുഴലിന് സമാനമായ, കാഴ്ചക്ക് അത്രയും ലളിതമായ ഒരു സംഗീത ഉപകരണം ആണ് സൂർ. അത് സൃഷ്ടിക്കുന്ന സംഗീതം  സവിശേഷവും അസാദാരണവുമാണെന്നു പറയാതെ വയ്യ.

അവതാരകന്റെ മുൻ പല്ലുകൾ ഉപയോഗിച്ച് സൂർന്റെ മൗത്ത്പീസ് സ്പർശിച്ചുകൊണ്ട് വ്യക്തവും സൗമ്യവുമായ വിസിലിംഗ് ശബ്ദം സൃഷ്ടിക്കുന്നു. അതേ സമയം തന്നെ വോക്കൽ ഡ്രോൺ ആലപിക്കുകയും ചെയ്യുന്നു. ഇതു വഴി സൃഷ്ടിക്കപ്പെടുന്നത് അദ്വിതീയവും അസാധാരണവുമായ സംഗീത ശബ്ദങ്ങളും മെലഡിയും ആണ്.

പ്രകൃതി ശബ്ദങ്ങളെ അനുകരിച്ച് പ്രകൃതിയെയും അതിന്റെ രക്ഷാകർതൃത്വങ്ങളെയും ആരാധിക്കുന്ന ഒരു പുരാതന സമ്പ്രദായത്തിലാണ് ഇതിന്റെ ഉത്ഭവം. അൽതായ് മേഖലയിലെ ‘ഉരിയൻഖായ്’ മംഗോളിയക്കാരുടെ ഉപജീവനവും ആചാരങ്ങളുമായി സൂർ സംഗീതത്തിന് അഭേദ്യമായ ബന്ധമുണ്ട്,

സൂർ സംഗീതം വിവിധ അവസരങ്ങൾക്കായി ആണ് സൃഷ്ടിക്കപ്പെട്ടിരുന്നത്‌. വേട്ടയാടൽ വിജയത്തിനായി അൾട്ടായി പർവതനിരകളുടെ ആത്മാവിനോട് അഭ്യർത്ഥിക്കുമ്പോൾ, നല്ല കാലാവസ്ഥയ്ക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ, സുരക്ഷിതമായ യാത്രയ്ക്ക്  ആശംസിക്കുമ്പോൾ, അല്ലെങ്കിൽ വിവാഹങ്ങളിലും , മറ്റു ഉത്സവങ്ങളിലും, അങ്ങനെ അങ്ങനെ.

Tsuur

Image source:Wikimedia(Epoxyi)

സംഗീതോപകരണവും മനുഷ്യന്റെ തൊണ്ടയും ഒരേസമയം സൃഷ്ടിച്ച ശബ്ദങ്ങളെ സമന്വയിപ്പിക്കുന്ന സവിശേഷവും അപൂർവവുമായ ഒരു പ്രതിഭാസം ആണ് സൂർ. അതിലൂടെ കൈമാറുന്നത് പ്രകൃതിയുടെ മഹത്വവും അതിന്റെ പർവതങ്ങൾ, നദികൾ, വന്യജീവികൾ എന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം കൂടിയാണ്.

നാടോടി ആചാരങ്ങളോടും മതവിശ്വാസത്തോടുമുള്ള അവഗണനയുടെ ഫലമായി സമീപകാല ദശകങ്ങളിൽ സൂർ പാരമ്പര്യം മങ്ങി പോയിരിക്കുന്നു. UNESCO യുടെ അടിയന്തിര സുരക്ഷയുടെ ആവശ്യകത  (List of Intangible Cultural Heritage in Need of Urgent Safeguarding) ഉള്ള കലകളുടെ കൂട്ടത്തിൽ സൂർ ഉം ഉൾപ്പെടുന്നു.

Deepthi Ambat